അല്‍ റയാന്: 2025 ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ യൂറോപ്യന്‍ ഫൈനല്‍. നാളെ നടക്കുന്ന കിരീട പോരാട്ടത്തില്‍ പോര്‍ച്ചുഗലും ഓസ്ട്രിയയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ഫൈനല്‍. ബ്രസീലും ഇറ്റലിയും തമ്മിലുള്ള ലൂസേഴ്സ് ഫൈനല്‍ വൈകുന്നേരം ആറിനാണ്.
സെമിയില്‍ ബ്രസീലിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് പോര്‍ച്ചുഗല്‍ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. ഗോള്‍രഹിതമായ സമനിലയ്ക്കുശേഷം ഷൂട്ടൗട്ട് അരങ്ങേറിയപ്പോള്‍ 6-5നായിരുന്നു പോര്‍ച്ചുഗലിന്റെ ജയം.
ഏഴ് റൗണ്ട് സ്പോട്ട് കിക്കിനുശേഷമാണ് വിധി തീര്‍പ്പായത്. ഇറ്റലിയെ മറുപടിയില്ലാത്ത രണ്ട് ഗോളിനു കീഴടക്കിയാണ് ഓസ്ട്രിയയുടെ ഫൈനല്‍ പ്രവേശം.